കൊച്ചി: ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വര്‍ഗീയ അജണ്ടയില്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആര്‍ക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വര്‍ഗീയ മുഖം നല്കാന് ശ്രമിക്കുന്നവര്‍ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്നവര് നല്ലവര്‍, അല്ലാത്തവര്‍ മോശം എന്നാണ് സിപിഎം നിലപാട്. വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തില്‍ പോലും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും. റാലിയില്‍ കണ്ടതാണല്ലോ പിന്തുണ. സന്ദീപ് പാണക്കാട് എത്തിയത് വിവാദം ആകേണ്ടതില്ല. വര്‍ഗീയ ചേരിയില്‍ നിന്ന് മതേതര ചേരിയിലേക്കാണ് സന്ദീപ് എത്തിയത്. മുന്‍കാല നിലപാടില്‍ മാറ്റം ഉണ്ടായി. എല്ലാം തങ്ങള്‍മാരെ പോലെ തന്നെയാണ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.