ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം : സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, April 7, 2021

കണ്ണൂർ : മുസ്‌ലിം ലീഗ് പ്രവർത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ സിപിഎം പ്രവർത്തകന്‍ കസ്റ്റഡിയില്‍. സിപിഎം പ്രവര്‍ത്തകനും മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 11പേരെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും.

സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ട്.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ആക്രമണം നടത്തിയത്. മുഹ്സിനിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും അക്രമികള്‍ വെട്ടുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. വെട്ടാൻ ഉപയോഗിച്ച വാൾ അക്രമം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും. സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.