സംസ്ഥാനത്ത് പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും സമ്മതിദാനാവകാശം വിനിയോഗിച്ചു.

Jaihind Webdesk
Tuesday, April 23, 2019

സംസ്ഥാനത്ത് പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും സമ്മതിദാനാവകാശം വിനിയോഗിച്ചു. യുഡിഎഫിന് വന്‍ വിജയം ലഭിക്കുമെന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വടകരയിൽ യു ഡി എഫ് നു വെട്ടിത്തിളങ്ങുന്ന വിജയം ആയിരിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബാലറ്റിനു ബുള്ളറ്റിനേക്കാളും ശക്തിയുണ്ടെന്ന് തെളിയിക്കും. വയനാടിൽ രാഹുൽ ഗാന്ധി 3 ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിനു വിജയിക്കും. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുല്ലപ്പള്ളി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം തൃപെരുംതുറ യുപി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

വോട്ടിങ് യന്ത്രത്തിലെ തകരാറ് ഗുരുതരമായി കാണണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു.

ഏറ്റവും അനുകൂലമായ സാഹചര്യമാണ് എറണാകുളം മണ്ഡലത്തിലുള്ളതെന്ന് ഹൈബി ഈഡൻ.തിളക്കമാർന്ന വിജയം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

വലിയ വിജയപ്രതീക്ഷയിലാണെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പോളിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾ കൂടെയുണ്ടെന്നാണ് വിശ്വാസമെന്നും കോട്ടയത്തെ എസ് എച്ച് മൗണ്ട്
സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. ഗവ. മുഹമ്മദൻസ് ഹൈസ്‌ക്കൂളിലെ 6 ആം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത് .

ജോസ് കെ മാണിയും കുടുംബവും വോട്ട് ചെയ്തു.

വടകരയിൽ ജയരാജന് കനത്ത തോൽവി എന്ന് കെ കെ രമ. സമാധാനത്തിനു വേണ്ടിയുള്ള വിധിയെഴുത് ആയിരിക്കും ഇതെന്നും രമ പറഞ്ഞു

മോദി സർക്കാരിന് അന്ത്യം കുറിച്ച് യു പി എ സർക്കാർ അധികാരത്തിൽ വരുമെന്ന് പി ജെ ജോസഫ്. ഇടുക്കിയിൽ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.  രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.