പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ കുഞ്ഞുമക്കളെ കൈമാറിയ ശിശുക്ഷേമസമിതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് കുട്ടികളുടെ അമ്മ ശ്രീദേവിക്ക് സാന്ത്വനം പകര്‍ന്നു. കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ അവരോട് തിരക്കിയറിഞ്ഞു.
സെക്രട്ടേറിയറ്റില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാത്രം അകലെ കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ ഫ്‌ളക്‌സുകള്‍ മറച്ച കൂരയിലാണ് അമ്മയും മൂന്നു മാസം മുതല്‍ 7 വയസുവരെയുള്ള 6 കുരുന്നുകളും ഇത്രയും നാള്‍ ജീവിച്ചത്. വീട്ടില്‍ ദിവസങ്ങളായി പട്ടിണിയാണെന്ന വിവരത്തെ തുടര്‍ന്ന് നാലു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ഈ കുടുംബത്തിനു ലഭിച്ചിരുന്നില്ല.
വി.എസ്. ശിവകുമാര്‍ എംഎല്‍എ, കെ.എസ്. ശബരിനാഥ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍കുമാര്‍, എംഎ ലത്തീഫ് തുടങ്ങിയവര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
പോലീസ് മര്‍ദനമേറ്റ് ജില്ലാ ജയിലില്‍ കഴിയുന്ന കെഎസ് യു നേതാക്കളെയും ആര്‍.എസ് അക്ഷയ്, ആദേശ് സുധര്‍മന്‍, കൃഷ്ണകാന്ത് ഇവര്‍ സന്ദര്‍ശിച്ചു. കെഎസ് യു പ്രസിഡന്‍റ് അഭിജിത്തും ഇവരോടൊപ്പം ഉണ്ടായിരുന്നു.