‘കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ നേതാവ്’: അനുസ്മരിച്ച് കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, August 4, 2022

കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവര്‍മ്മ തമ്പാന്‍റെ ആകസ്മികമായ വേര്‍പാട് വളരെ ഞെട്ടലോടെയാണ് അറിയാന്‍ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്ന തമ്പാന്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ നേതാവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലഘട്ടം മുതല്‍ കോണ്‍ഗ്രസിനെ ജീവവായുപോലെ സ്‌നേഹിച്ച തമ്പാന്‍ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്‍റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

കെഎസ്‌യു ജില്ലാ പ്രസിഡന്‍റായും കൊല്ലം ഡിസിസി പ്രസിഡന്‍റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാന്‍ പാര്‍ലമെന്‍ററി രംഗത്തും ശോഭിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്‍റെ കമ്മിറ്റിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് പ്രതാപവര്‍മ്മ തമ്പാനുമായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഈ നിമിഷം വളരെ വേദനയോടെ ഓര്‍ത്തെടുക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

പ്രതാപവര്‍മ്മ തമ്പാന്‍റെ വേര്‍പാട് കോണ്‍ഗ്രസിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.