‘ഞങ്ങളുടെ പോരാട്ടം മോദി സർക്കാരിനെ താഴെയിറക്കാനാണ്, ചിഹ്നം സംരക്ഷിക്കാനല്ല’: പൗരത്വവിഷയത്തില്‍ മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, March 30, 2024

 

കോട്ടയം: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിക്കും യുഡിഎഫ് എംപിമാര്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കളളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിഎഎ ബില്ല് പാർലമെന്‍റില്‍ വന്നപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൗരത്വനിയമത്തിനെതിരെ രാഹുൽ ഗാന്ധി പാർലമെന്‍റിൽ വോട്ട് ചെയ്തതിന്‍റെ തെളിവുകൾ മുഖ്യമന്ത്രിക്ക് അയച്ചുനൽകിയിട്ടുണ്ട്. എല്ലാ യുഡിഎഫ് എംപിമാരും പൗരത്വനിയമത്തിനെതിരായി വോട്ട് ചെയ്തതിന് പാർലമെന്‍റിൽ രേഖയുണ്ട്. മുഖ്യമന്ത്രിക്കസേരയിലിരുന്ന് പിണറായി വിജയൻ വ്യാജപ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് കൃത്യമായ അജണ്ടയോട് കൂടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നണി പോരാടുന്നത്. വർഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാട്ടമാണ് നടത്തുന്നത്, അല്ലാതെ ചിഹ്നം സംരക്ഷിക്കാന്‍ വേണ്ടിയല്ല യുഡിഎഫ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.