20 മാസമായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ടവരുടെ ദുരിതം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, October 13, 2021

തിരുവനന്തപുരം : ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ക്ക് 20 മാസമായി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

മസ്റ്ററിംഗ് പൂര്‍ത്തിയാകാത്തവര്‍ക്ക് 2019 ഡിസംബര്‍ മുതലാണ് പെന്‍ഷന്‍ മുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മസ്റ്ററിംഗ് നിര്‍ത്തിവച്ചതാണ് പലരെയും പ്രതിസന്ധിയിലാക്കിയത്. മസ്റ്ററിംഗ് ചെയ്യാത്തവര്‍ സേവന എന്ന വെബ്‌സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ പെന്‍ഷന്‍ നല്‍കുമായിരുന്നു. എന്നാല്‍ ആ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാത്ത ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമെന്നും 20 മാസത്തെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മരണപ്പെട്ടവരെയും അര്‍ഹതയില്ലാത്തവരെയും ഒഴിവാക്കുന്നതിനാണ് ബയോ മെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയതെന്ന് ധനമന്ത്രി പി രാജീവ് മറുപടി നല്‍കി. പെന്‍ഷന്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് നടത്താന്‍ ഒരവസരം കൂടി നല്‍കുമെന്നും അത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.