മധു വധക്കേസിലെ കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, April 4, 2023

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ പതിനാലു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേസമയം കേസ് നടത്തിപ്പില്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം അപമാനഭാരത്താൽ തലകുനിച്ചുനിന്ന സംഭവമാണ് മധുവിന്‍റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്‍റെ മുഖം. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്‍റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്‍റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായെന്നും ആ കുടുംബത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതായും പ്രതിപക്ഷ നേതാവ് കുറിച്ചു.