സി.പി നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Friday, October 1, 2021

തിരുവനന്തപുരം : എഴുത്തുകാരനും വാഗ്മിയും മികച്ച ഭരണകര്‍ത്താവുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറി സി.പി നായരുടെ വിയോഗം ആകസ്മികമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാര്‍ക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവും ഔദ്യോഗിക ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന മാതൃകാ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം എക്കാലത്തും കേരളത്തിന്‍റെ നന്മക്കും വികസനത്തിനുമായി നിലകൊണ്ടുവെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

”അസാധാരണമായ പ്രതിഭയുള്ള എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു സി.പി നായര്‍. അഗാധമായ വായന, മനോഹരമായ എഴുത്ത്, ലാളിത്യവും ഗാംഭീര്യവും ഒരുമിക്കുന്ന പ്രസംഗശൈലി. പൊട്ടിച്ചിരിയോടെ ലോകത്തെ കാണാന്‍ കഴിഞ്ഞിരുന്നു ആ പ്രതിഭാശാലിക്ക്. അദ്ദേഹത്തോട് ഇടപഴകാനും സംസാരിക്കാനും പലതും ചോദിച്ചറിയാനും കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും വിലപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശരിയുടെ വഴി പല തവണ എനിക്ക് കാട്ടിത്തന്നു. കഴിഞ്ഞ ദിവസവും അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതാണ്. അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് ഈ വേര്‍പാട്. പ്രിയപ്പെട്ട സി.പി നായര്‍ സാറിന് വിട.. ആദരപൂര്‍വ്വമുള്ള സ്മരണാഞ്ജലി”- പ്രതിപക്ഷ നേതാവ് പറഞ്ഞു.