വട്ടപൂജ്യമായി പിണറായി സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Jaihind Webdesk
Monday, June 10, 2019

ലോക് സഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇടതുമുന്നണി സർക്കാരിന്‍റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിന്‍റെ പ്രകാശനം ഇന്ന് നടക്കും. പ്രളയ പുനരുദ്ധാരണത്തിലെ വീഴ്ച്ചയ്ക്കും സമസ്ത മേഖലയിലെ വികസന മുരടിപ്പിനുമെതിരെ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒളിച്ചു കളിക്കുന്ന സർക്കാരാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിലും പരാജയപ്പെട്ട് ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട് അടിത്തറ തകർന്ന സർക്കാരും ഇടതുമുന്നണിയുമാണ് പ്രോഗ്രസ് റിപ്പോർട്ടെന്ന അടവുനയവമായി പ്രതിച്ഛായ പുനർനിർമ്മാണത്തിന് രംഗത്തിറങ്ങിയിട്ടുള്ളത്.  സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തിന് ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്ന ആരോപണത്തിന് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിഭവങ്ങളുടെ കൃത്യമായ ചെലവഴിക്കലിന് രൂപം കൊടുത്ത കിഫ്ബി വെള്ളാനയായി മാറി. കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കിഫ്ബി യിൽ വേണ്ടത്ര പണമില്ലാത്തതിനാൽ 99 ശതമാനം പദ്ധതികളും പൂർത്തീകരിക്കാനായിട്ടില്ല. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുന്ന ദേശീയ പാത വികസനത്തിലും കാര്യമായ പുരോഗതിയില്ല. മൂന്നു വർഷമായിട്ടും ജനോപകാര പ്രദമായ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചു നടപ്പാക്കാനും സർക്കാരിന് കഴിഞ്ഞില്ല. നിയമന നിരോധനം തുടരുന്നതിനാൽ തന്നെ പല റാങ്ക് ലിസ്റ്റുകളും കാലഹരണപ്പെടുന്ന അവസ്ഥയാണുള്ളത്.

നിക്ഷേപ സമാഹരണത്തിന് വിദേശ മലയാളികളുടെ സഹകരണം ഉറപ്പിക്കാൻ വിളിച്ചു ചേർത്ത ലോക കേരള സഭയും വൻ പരാജയമായി. ഇതിനെല്ലാം പുറമേ ഇടതു മുന്നണിയുടെ വികലമായ മദ്യനയവും ഭരണപരാജയവും ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ സമീപനവും കടുത്ത വിമർശനമാണ് ഏറ്റുവാങ്ങിയത്. അധികാര പ്രമത്തതയും ധാർഷ്ട്യവും നിറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശൈലിക്കും സർക്കാരിനുമെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുമ്പോഴും ഭരണപരാജയത്തിൽ മുങ്ങി നിൽക്കുന്ന സർക്കാരിന്‍റെ പ്രവർത്തനങ്ങളും തന്‍റെ ശൈലിയും മാറ്റാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുമുള്ളത്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ് വലിയ തമാശയെന്ന വസ്തുതാപരമായ ആരോപണം പ്രതിപക്ഷം ഉയർത്തുമ്പോഴും കണ്ണടച്ചിരുട്ടാക്കി മുന്നോട്ട് പോകാനുള്ള കഠിന പരിശ്രമമാണ് ഇടതു സർക്കാർ നടത്തുന്നത്