കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സമരം ; ലൈഫിലെ വിജിലന്‍സ് കേസ് എങ്ങനെ വിശദീകരിക്കണമെന്നറിയാതെ എല്‍ഡിഎഫ് ; ഇരട്ടത്താപ്പ്

 

തിരുവനന്തപുരം: കേരളത്തിന്‍റെ വികസനപദ്ധതികൾ രാഷ്ട്രീയ ഉദ്ദ്യേശത്തോടെ സ്തംഭിപ്പിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കമെന്ന് കാട്ടി നാളെ സമരത്തിനിറങ്ങുമ്പോൾ ലൈഫ് സംബന്ധിച്ച വിജിലൻസ് കേസിനെ എങ്ങനെ വിശദീകരിക്കണമെന്ന ആശയക്കുഴപ്പമാണ് സി.പി.എമ്മിനെ അലട്ടുന്നത്. സമരത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും കൂട്ടാളികളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ലൈഫ് പദ്ധതിയിലേക്ക് നീണ്ടത്.

എന്നാൽ സർക്കാരിന്‍റെ വികസന പദ്ധതികളെ തുരങ്കംവെയ്ക്കാൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ഉപയോഗിക്കുകയാണെന്ന വാദമുയർത്തിയാണ് സി.പി.എം സമര കാഹളം മുഴക്കുന്നത്. രാഷ്ട്രീയമായും നിയമപരമായും കേന്ദ്ര അന്വേഷണത്തെ നേരിടുന്നതിന്‍റെ ഭാഗമായി സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചു. തുടർന്ന് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മറ്റി ഇഡിക്ക് നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരായ രാഷ്ട്രീയ സമരമെന്ന പേരിൽ ലൈഫ് പദ്ധതിയിലെ അഴിമതി മറച്ചു പിടിക്കാൻ സി.പി.എം സമരത്തിനിറങ്ങുന്നത്.

ഇതിനിടെ ലൈഫ് പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സംസ്ഥാന വിജിലൻസ് കേസെടുത്തത് എങ്ങനെ വിശദീകരിക്കുമെന്ന ആശയക്കുഴപ്പമാണ് സി.പി.എമ്മിനെ അലട്ടുന്നത്. പ്രതിദിന പത്ര സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ന്യായീകരിച്ച ശിവശങ്കറടക്കം കേസിൽ പ്രതിയായതും കോടികളുടെ കോഴയിടപാടിൽ അദ്ദേഹം പങ്കാളിയാണെന്ന് തെളിഞ്ഞതും പാർട്ടിയെയും സർക്കാരും കൈകോർത്ത് നടത്തുന്ന സമരത്തെയാണ് പിന്നോട്ടടിപ്പിക്കുന്നത്.

ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ തന്നെ സമരത്തിനിറങ്ങുന്നത് നല്ല സന്ദേശമാകില്ല നൽകുകയെന്ന സി.പി.എം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരെയും സമരത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഒരു വശത്ത് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാരും പാർട്ടിയും സമരത്തിനിറങ്ങുമ്പോൾ മറുവശത്ത് സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസി തന്നെ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് കേസും രജിസ്റ്റർ ചെയ്തു എന്നതാണ് ഏറെ വിരോധാഭാസമാകുന്നത്.

Comments (0)
Add Comment