സംസ്ഥാനത്ത് വ്യാപക അക്രമത്തിന് എല്‍ഡിഎഫ് ശ്രമം; വടകരയില്‍ നിരോധനാജ്ഞ

Jaihind Webdesk
Sunday, April 21, 2019

സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് എല്‍ഡിഎഫ് ശ്രമം.  വടകരയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.  സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  തിരുവനന്തപുരം, എറണാകുളം, വടകര എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു.

വടകര വില്യാപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റു. കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. തെരഞ്ഞെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.  ഏപ്രില്‍ 23ന് വൈകിട്ട് 6 മണി മുതല്‍ 24ആം തീയതി രാത്രി 10 മണി വരെയാണ് നിരോധനാജ്ഞ.

തിരുവല്ലയില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.   കൊട്ടിക്കലാശത്തിനിടെ തൊടുപുഴയിലും നേരിയ സംഘര്‍ഷം.

എറണാകുളം പാലാരിവട്ടത്തും സംഘര്‍ഷമുണ്ടായി. ഇവിടെ എസ്.ഡി.പി.ഐയ്ക്ക് നേരെയായിരുന്നു എല്‍ഡിഎഫിന്‍റെ അക്രമം.  തിരുവനന്തപുരം കുന്നത്തുകാലിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫ് – ബിജെപി സംഘര്‍ഷമുണ്ടായി. കാഞ്ഞിരപ്പള്ളിയില്‍  കെ. സുരേന്ദ്രന്‍റെ റോഡ്ഷോയ്ക്ക് നേരെയായിരുന്നു എല്‍ഡിഎഫ് അക്രമം.  സ്ഥലത്ത് സംഘര്‍ഷാവസ്ഥ സംജാതമായതോടെ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇടുക്കി നെടുങ്കണ്ടത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു എല്‍ഡിഎഫിന്‍റെ അക്രമം. എന്നാല്‍ മലപ്പുറത്ത് ആകട്ടെ അക്രമം പൊലീസിനോട് തന്നെയായിരുന്നു. എല്‍ഡിഎഫിന്‍റെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊന്നാനിയില്‍ കല്‍പകഞ്ചേരി എസ്.ഐയ്ക്ക് പരിക്കേറ്റു.