
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ചവെച്ച മികച്ച പ്രകടനത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേരള ജനത യുഡിഎഫിനൊപ്പമാണെന്ന് ഈ ജനവിധി തെളിയിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫിന്റെ വിജയം ചരിത്രപരമായ മുന്നേറ്റമാണെന്നും, എല്‍ഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. ജനദ്രോഹപരമായ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഈ ശക്തമായ പിന്തുണയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
86 മുനിസിപ്പാലിറ്റികളില്‍ 50 എണ്ണത്തിലും യുഡിഎഫ് മുന്നേറ്റം നേടി. ഗ്രാമപഞ്ചായത്തുകളിലും മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.
തിരുവനന്തപുരം കവടിയാര്‍ ഡിവിഷനില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരിച്ച കെ.എസ്. ശബരീനാഥന്‍, ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് ഉണ്ട് എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.