കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ അവിശ്വാസം പാസാക്കി എല്‍ഡിഎഫ്

Jaihind Webdesk
Friday, September 24, 2021

 

കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായത്. 21 എൽഡിഎഫ് അംഗങ്ങളും 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു വോട്ട് അസാധുവായി.

29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പ്രമേയം പാസായത്. യു ഡി എഫിൻ്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നു. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ വോട്ടാണ് അസാധുവായത്. സിപിഎം സ്വതന്ത്ര നഗരസഭാ കൗൺസിലർ അംഗത്തിന്‍റെ വോട്ടാണ് അസാധുവായത്. നഗരകാര്യ ജോയിൻ്റ് ഡയറക്ടറുടെ അധ്യക്ഷതയിലാണ് പ്രമേയാവതരണം നടന്നത്. ബിജെപി പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനില്‍ പ്രതികരിച്ചു.