തോല്‍വിയുടെ ഭാരം ആര്‍ക്ക്? എല്‍ഡിഎഫ് യോഗം ഇന്ന്; സിപിഐ-സിപിഎം തര്‍ക്കം മുറുകുന്നു

Jaihind News Bureau
Friday, January 9, 2026

 

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, പരാജയകാരണങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്യുന്നതിനായി ഇടതുമുന്നണി യോഗം ഇന്ന് ചേരുന്നു. ഭരണവിരുദ്ധ വികാരവും വിവാദങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന ഘടകകക്ഷികളുടെ കടുത്ത നിലപാടുകള്‍ക്കിടെയാണ് യോഗം നടക്കുന്നത്. പരാജയത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും പിഎം ശ്രീ പദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ദ്ധിപ്പിച്ചതായി സിപിഐ വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിക്കെതിരെയും സിപിഐ നേതൃത്വത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് അകന്നതും മുന്നണിയെ തമസ്‌കരിച്ചതും തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആക്കം കൂട്ടിയതായാണ് സിപിഐയുടെ പ്രാഥമിക നിഗമനം.

എന്നാല്‍, ഈ കാരണങ്ങളെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളായി അംഗീകരിക്കാന്‍ സിപിഎം ഇനിയും തയ്യാറായിട്ടില്ല. ഭരണവിരുദ്ധ വികാരം എന്നതിലുപരി മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളാണ് തിരിച്ചടിയുണ്ടാക്കിയതെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ഇതിനൊപ്പം എ.കെ. ബാലന്‍ നടത്തിയ വിവാദ പ്രസ്താവനകളും യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് വഴിവെക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലെ ഭിന്നതകള്‍ പരിഹരിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇന്ന് ചേരുന്ന യോഗത്തിന് മുന്നിലുള്ളത്.