എൽഡിഎഫ് തോറ്റത് കമ്യൂണിസ്റ്റ് അഴിമതി കാരണം; സി.പി.എമ്മുമായി കൂട്ടുകെട്ടിന് ഇല്ലെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, December 15, 2025

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത് കമ്യൂണിസ്റ്റുകാര്‍ അഴിമതിക്കാരാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതിനാലാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ അഴിമതികള്‍ തുറന്നു കാണിച്ചതിലൂടെയാണ് കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. മുന്നേറ്റം ഉണ്ടാക്കിയതെന്നും, അതിനാല്‍ സി.പി.എമ്മുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പിച്ചു പറഞ്ഞു.

മേയറെ തീരുമാനിക്കാന്‍ സി.പി.എം. യോഗം ചേര്‍ന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച പ്രവീണ്‍കുമാര്‍, അതിനുള്ള ഭൂരിപക്ഷം സി.പി.എമ്മിന് ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്തി. യു.ഡി.എഫ്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെങ്കിലും ബി.ജെ.പി.യുടെ പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകളോടുള്ള ചോദ്യത്തിന്, ‘അതിലും ഭേദം ആത്മഹത്യയല്ലേ’ എന്നായിരുന്നു ഡി.സി.സി. പ്രസിഡന്റിന്റെ രൂക്ഷമായ മറുപടി.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനവും വോട്ടര്‍പട്ടിക തിരിമറിയും അതിജീവിച്ചാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. മികച്ച വിജയം നേടിയതെന്ന് കെ. പ്രവീണ്‍കുമാര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നടത്തിയ ആഹ്ലാദ പ്രകടനങ്ങളില്‍ എവിടെയും അക്രമം ഉണ്ടായില്ല. എന്നാല്‍, ഏറാമല പഞ്ചായത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു. പോലീസ് അതിക്രമം തടഞ്ഞില്ലെന്നും പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, സി.പി.എം. നാണംകെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.