
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ ഇടത് മുന്നണിയില്‍ തര്‍ക്കം തെരുവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഏകാധിപത്യ’ രീതികളെയും വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുപിടിക്കുന്ന നിലപാടിനെയും പരസ്യമായി വെല്ലുവിളിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറില്‍ കയറ്റിയതിനെ പരിഹസിച്ച ബിനോയ് വിശ്വം, വെള്ളാപ്പള്ളിയെ താന്‍ കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും പക്ഷേ ഒരിക്കലും തന്റെ ‘കാറില്‍ കയറ്റില്ല’ എന്ന് തുറന്നടിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയും, മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് എല്‍.ഡി.എഫിനെ തോല്‍പ്പിച്ചതെന്നാണ് സി.പി.ഐയുടെ കണ്ടെത്തല്‍. പമ്പയിലെ അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറില്‍ കയറ്റി കൊണ്ടുപോയ മുഖ്യമന്ത്രിയുടെ നടപടി സി.പി.എമ്മിലെ ഒരു വിഭാഗത്തിന് പോലും ദഹിച്ചിട്ടില്ല. എന്നാല്‍ വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മുന്നണിയില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്.
സി.പി.ഐയെ ‘ചതിയന്‍ ചന്തു’ എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചതോടെ പോര് കടുത്തു. ആയിരം വട്ടം ആ തൊപ്പി ചേരുന്നത് വെള്ളാപ്പള്ളിക്കാണെന്ന് ബിനോയ് വിശ്വം തിരിച്ചടിച്ചു. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് പത്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടും മുന്നണിയില്‍ അതൃപ്തി പുകയാന്‍ കാരണമായിട്ടുണ്ട്. കുറ്റം ബോധ്യപ്പെട്ടാലേ നടപടിയെടുക്കൂ എന്ന സി.പി.എം നിലപാട് അഴിമതിക്ക് കുടപിടിക്കുന്നതാണെന്ന വികാരമാണ് സി.പി.ഐക്കുള്ളത്.
ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തുനിന്ന് അകന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും സി.പി.ഐ തുറന്നു സമ്മതിക്കുമ്പോള്‍, അതെല്ലാം നിഷേധിക്കുന്ന ആകാശക്കോട്ടയിലാണ് സി.പി.എം ഇപ്പോഴും. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിമാറ്റിയ വെള്ളാപ്പള്ളിയുടെ നടപടിയും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും അവിശുദ്ധ കൂട്ടുകെട്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.