‘പെണ്ണുങ്ങളെ കാഴ്ചവെക്കരുത്’; ‘വീട്ടിൽ ഇരിക്കട്ടെ’: എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ

Jaihind News Bureau
Monday, December 15, 2025

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.വി. മജീദാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്ത വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് അധിക്ഷേപ പ്രസംഗം. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്നതും അപമാനിക്കുന്നതുമാണ് പ്രസംഗത്തിലെ ഉള്ളടക്കം.

വനിതാ പ്രവര്‍ത്തകരുടെ പ്രചാരണത്തെ തള്ളിപ്പറഞ്ഞ മജീദ്, ‘വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ചവെക്കരുത്’ എന്ന് പറഞ്ഞു. ‘ആണത്തവും ഉളുപ്പുമുള്ള ആണുങ്ങള്‍’ മാത്രം സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാല്‍ മതിയെന്നും, അല്ലാത്തപക്ഷം സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. കൂടാതെ, സ്ത്രീകളെ ഭര്‍ത്താക്കന്മാരുടെ കൂടെ ‘അന്തിയുറങ്ങാന്‍’ വേണ്ടി മാത്രമാണ് കല്യാണം കഴിച്ചുകൊണ്ടുവരുന്നതെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശങ്ങള്‍ സ്ത്രീകളുടെ വ്യക്തിത്വത്തെയും രാഷ്ട്രീയ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്.