‘പിണറായി നേതൃത്വം കൊടുത്ത ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് ജയിച്ചിട്ടില്ല’ : മുഴങ്ങുന്നത് സിപിഎമ്മിന്‍റെ മരണമണിയെന്ന് കെ സുധാകരന്‍ എംപി

Jaihind News Bureau
Tuesday, March 9, 2021

കണ്ണൂർ : തിരിച്ചടി ഭയന്നിട്ടാണ് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ തുടങ്ങിയതെന്ന് കെ സുധാകരൻ എംപി. പിണറായി വിജയൻ നേരിട്ട് നേതൃത്വം കൊടുത്ത ഒരു തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ജയിച്ചിട്ടില്ല. സർക്കാരിനെതിരായ അഴിമതികൾ ഉയർത്തിക്കാട്ടി സിപിഎമ്മിനെ വരുതിയിലാക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് സിപിഎമ്മിൽ ഉയർന്ന അപസ്വരങ്ങൾ സിപിഎമ്മിൻ്റെ മരണമണിയാണെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ് ഭരണത്തിൽ അഴിമതി ഉണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയത് കോൺഗ്രസാണ്. അതേ ആരോപണം അമിത് ഷാ ആവർത്തിച്ചാൽ എങ്ങനെ കോൺഗ്രസ് – ബിജെപി ധാരണ ആകും. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടങ്കിൽ എന്തുകൊണ്ട് അമിത് ഷാ കേസ് എടുക്കുന്നില്ല. ആരുടെ മരണത്തിൽ ആണ് ദുരൂഹത ഉള്ളത് എന്ന് അമിത് ഷാ വെളിപ്പെടുത്തണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങാത്ത ആളാണ് മുഖ്യമന്ത്രി. പിണറായി വിജയൻ നേരിട്ട് നേതൃത്വം കൊടുത്ത ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് ജയിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. വി.എസിൻ്റെ നിഴലാവാൻ പി ജയരാജന് കഴിയില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.