സമ്പത്തിനായി സർക്കാർ ചെലവഴിച്ചത് 7.5 കോടിയോളം; കണക്കുകള്‍ പുറത്ത്

Tuesday, May 3, 2022

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിതനായ എ സമ്പത്തിന് വേണ്ടി ഖജനാവിൽ നിന്ന് ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. 20 മാസത്തിനിടെ 7.26 കോടി രൂപയാണ് സമ്പത്തിന്‍റെ ആവശ്യങ്ങൾക്കായി സർക്കാർ ചെലവഴിച്ചത്. 2019-20 ൽ 3.85 കോടിയും 2020-21 ൽ 3.41 കോടി രൂപയും സമ്പത്തിനും പരിവാരങ്ങൾക്കുമായി ചെലവായി.

പിണറായി സർക്കാർ മറച്ചുവെക്കാൻ ശ്രമിച്ച കണക്കുകളാണ് ധനമന്ത്രി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്‍റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ ഉള്ളത്.

2019 ആഗസ്തിലാണ് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചത്. സമ്പത്തിന് 4 പേഴ്‌സണൽ സ്റ്റാഫുകളേയും ദിവസ വേതനത്തിന് 6 ഓളം പേരേയും നൽകിയിരുന്നു. ഡൽഹിയിൽ സർക്കാരിന്‍റെ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ റസിഡന്‍റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാൻ സ്റ്റാഫുകളും ഉണ്ടായിരുന്നു. അതിനിടെയാണ് സമ്പത്തിന് കാബിനറ്റ് റാങ്ക് നൽകി പുനരധിവസിപ്പിച്ചത്. ഇതുകൊണ്ട് യാതൊരു പ്രയോജനം ഉണ്ടായില്ലെന്നും സർക്കാർ ഖജനാവിൽ നിന്ന് കുറെ പണം ആവശ്യമില്ലാതെ ഒഴുകുമെന്നും അന്ന് വിമർശനം ഉയർന്നിരുന്നു.

കൊവിഡ് വ്യാപന സമയത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തിൽ തുടർന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയിൽ സർവീസുകൾ നിർത്തിവെച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തന്നെ തുടർന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതമാണ് സമ്പത്ത് ശമ്പളം കൈപ്പറ്റിയത്. എന്നാൽ മുഖ്യമന്ത്രി കണക്കുകൾ ഒന്നും പുറത്തുവിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങിക്കിടക്കുമ്പോഴാണ് സർക്കാർ ധൂർത്തിന് പണം അനുവദിച്ചത്.

സമ്പത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി നൽകിയ തുകയുടെ വിശദാംശങ്ങളും വിശദീകരിച്ചിട്ടുണ്ട്:

2019-20 — ശമ്പളം – 2,52, 31, 408 രൂപ, വേതനം – 8,83, 824 രൂപ, യാത്ര ചെലവുകൾ – 8,00, 619 രൂപ, ഓഫീസ് ചെലവുകൾ – 63, 25, 269 രൂപ, ആതിഥേയ ചെലവുകൾ – 98, 424 രൂപ, മോട്ടോർ വാഹന സംരക്ഷണം, അറ്റകുറ്റപ്പണികൾ- 1, 13, 109 രൂപ, മറ്റ് ചെലവുകൾ – 47, 36, 410 രൂപ, പെട്രോൾ / ഡീസൽ 3, 73, 462 രൂപ.

2020 -21 — ശമ്പളം – 2,09, 89,808 രൂപ, വേതനം – 14 , 61, 601 രൂപ, യാത്ര ചെലവുകൾ – 11, 44 , 808 രൂപ, ഓഫീസ് ചെലവുകൾ – 49, 99, 603 രൂപ, ആതിഥേയ ചെലവുകൾ – 73, 205 രൂപ, മോട്ടോർ വാഹന സംരക്ഷണം, അറ്റകുറ്റപ്പണികൾ- 45, 289 രൂപ, മറ്റ് ചെലവുകൾ – 51, 02, 882 രൂപ, പെട്രോൾ / ഡീസൽ 3, 10, 633 രൂപ.