‘വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥ’; ഗുരുതര വിമർശനവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥയെന്ന് സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര. പോലീസ് സ്റ്റേഷനിൽ നിന്നും സമരക്കാർക്ക് നേരെ കല്ലേറ് ഉണ്ടായെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. സമരക്കാരെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും അധിക്ഷേപിക്കാനും നാടകീയമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ ദുർബലമാക്കാൻ അദാനിയുടെയും സർക്കാറിന്‍റെയും പിൻബലത്തോടെയാണ് ഇതെല്ലാം നടന്നത്. കഴിഞ്ഞ രണ്ട് ദിവസം വിഴിഞ്ഞത്ത് നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് അന്വേഷിക്കാൻ വിഴിഞ്ഞം ഇടവകയിൽനിന്ന് പ്രതിനിധികളായി പോലീസ് സ്റ്റേഷനിൽ എത്തിയ നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തതാണ് ജനത്തെ രോഷാകുലരാക്കിയത്. സ്ത്രീകളാണ് സ്ഥലത്തേക്ക് ആദ്യം എത്തിയത്. പൊലീസ് വാഹനം തകർത്തത് പുറത്തുനിന്നുള്ളവരാണെന്നും ഫാ. യൂജിന്‍ പെരേര ആരോപിച്ചു. അദാനിയുടെ ഏജന്‍റുമാർ അവിടെ ഇടപെട്ടിട്ടുണ്ട്. അടുത്ത കെട്ടിടത്തിൽനിന്നാണ് കല്ലെറിഞ്ഞത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാല്‍ ഇക്കാര്യം അറിയാനാകും. പോലീസിന് പരിക്കേറ്റ സംഭവം ദൗർഭാഗ്യകരമാണെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും ഫാദർ യൂജിന്‍ പെരേര പറഞ്ഞു.

Comments (0)
Add Comment