കേരളീയത്തിന്‍റെ പേരിലും കോടികളുടെ ധൂർത്ത്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ പ്രചാരണവും ലക്ഷ്യമിട്ട് സർക്കാർ പൊടിക്കുന്നത് 28 കോടി

Jaihind Webdesk
Saturday, October 14, 2023

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളീയം പരിപാടിക്കായി സർക്കാർ പൊടിപൊടിക്കുന്നത് 27.12 കോടി രൂപ. കിഫ്ബിയിൽ നിന്നുപോലും കടമെടുത്തു രാഷ്ട്രീയ പ്രചാരണം കൂടി ലക്ഷ്യമിടുന്ന പരിപാടിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനു പുറമേ സ്പോൺസർഷിപ്പ് ധനസമാഹരണ സാധ്യതകളും സർക്കാർ തേടുകയാണ്. നവംബർ ഒന്നുമുതലാണ് കേരളീയം പരിപാടി ആരംഭിക്കുന്നത്.

ക്ഷേമ പെൻഷനുകൾക്കും സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനും പണം നല്കാത്ത സർക്കാർ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്ന കേരളീയം പരിപാടിക്ക് 27.12 കോടി രൂപയാണ് അനുവദിച്ചു ഉത്തരവിറക്കിയത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തി നിൽക്കുമ്പോഴാണ് പരിപാടിക്കായി സർക്കാർ കോടികൾ പൊടിപൊടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ നിന്ന് ബില്ലുകൾ മാറുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും
വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ചും മുന്നോട്ടു പോകുന്നതിനിടയിലാണ് കേരളീയത്തിന്‍റെ പേരിൽ സർക്കാർ കോടികളുടെ ധൂർത്ത് നടത്തുന്നത്.

കേരളത്തിന്‍റെ വികസന പദ്ധതികൾക്ക് വേണ്ടി പണം നൽകേണ്ട കിഫ്ബിയിൽ നിന്നുപോലും പതിവുകൾ മറികടന്നുകൊണ്ട് കടമെടുത്താണ് കേരളീയം പരിപാടിക്ക് വേണ്ടി പണം അനുവദിച്ചത്. പരിപാടിയുടെ ഭാഗമായ പ്രദർശനം സംഘടിപ്പിക്കുവാൻ 9.3 9 കോടി രൂപയും വൈദ്യുത അലങ്കാരത്തിന് 2.97 കോടിയും സാംസ്കാരിക പരിപാടികൾക്ക് 3. 14 കോടിയും പ്രചാരണത്തിന് 3.98 കോടിയുമാണ് അനുവദിച്ചത്. ഇതിനു പുറമേ സ്പോൺസർഷിപ്പ് നീക്കവും സർക്കാർ നടത്തുകയാണ്.

രാഷ്ട്രീയ പ്രചാരണം കൂടി ലക്ഷ്യമാക്കിയാണ് കോടികൾ ചിലവഴിച്ച് നവംബർ ഒന്നുമുതൽ സർക്കാർ കേരളീയം പരിപാടി നടത്തുന്നത്. പ്രതിപക്ഷം പരിപാടിക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. കേരളീയം പരിപാടിയുമായി സഹകരിക്കില്ല എന്ന് നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് സർക്കാർ പരിപാടിക്കായി കോടികള്‍ അനുവദിച്ചിരിക്കുന്നത്.