‘കര’ കണ്ട് നിന്ന കല്ലിടല്‍; വിശദീകരണ ക്യാപ്സൂളുകള്‍ തികയാതെ സിപിഎം; തിരിച്ചടി

Jaihind Webdesk
Tuesday, May 17, 2022

തിരുവനന്തപുരം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മൂർധന്യത്തിൽ സിൽവർലൈൻ സർവേക്കല്ലിടൽ സർക്കാർ വേണ്ടെന്നുവെച്ചത് ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്നു. സമരത്തിന്‍റെ ആദ്യ ഘട്ടം വിജയകരമെന്നായിരുന്നു പ്രതിപക്ഷനേതാക്കളുടെ പ്രതികരണം. കല്ലിടലിനെതിരെ ആദ്യം രംഗത്തുവന്നതും കല്ലു പറിക്കാൻ ഇറങ്ങിയതും യുഡിഎഫ് നേതൃത്വമാണ്. സാമൂഹികാഘാത പഠനത്തിന് കല്ലിട്ടേ പറ്റൂവെന്ന് കഴിഞ്ഞദിവസംവരെ ആവർത്തിച്ച സർക്കാരിനും എൽഡിഎഫിനും നിലപാടുമാറ്റം വോട്ടർമാർക്കിടയിൽ വിശദീകരിക്കുക അത്ര എളുപ്പമാകില്ല.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ രണ്ടു മാസത്തോളം നിലനിന്നിരുന്നത്. കല്ലിടലിന്റെ പേരിൽ പ്രാദേശികമായി പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷമായിരുന്നു ആദ്യഘട്ടത്തിൽ. സർവേക്കല്ലുകൾ പറിക്കാനുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ ആഹ്വാനം പൊതുജനം ഏറ്റെടുക്കുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങൾ കല്ലുകൾ പറിച്ചെറിഞ്ഞു. ഇതോടെ കല്ലിടൽ കേന്ദ്രങ്ങൾ ഭരണപ്രതിപക്ഷ പോരാട്ടത്തിനും വേദിയായി.

കല്ലു പറിക്കാനെത്തുന്നവരുടെ പല്ലു പറിക്കുമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ പ്രതികരണം. ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെടുത്ത കല്ല് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ തിരികെ സ്ഥാപിച്ചത് ഏറെ നാടകീയതകൾ സൃഷ്ടിച്ചു. കണ്ണൂർ നടാലിൽ സമരക്കാര്‍ക്കെതിരെ സിപിഎം ആക്രമണമുണ്ടായി. സിപിഎം ഗുണ്ടായിസം സമൂഹം ചർച്ച ചെയ്യുകയും ചെയ്തു.
പോലീസ് സ്റ്റേഷനും കളക്ട്രേറ്റും ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ പ്രതീകാത്മകമായി കല്ലിട്ടുകൊണ്ടാണു യുഡിഎഫ് പ്രതിഷേധം കനപ്പിച്ചത്. സംഘർഷം അതിരു വിട്ടപ്പോൾ കോടതി പോലും വിഷയത്തിൽ ഇടപെട്ടു. ‘ഇങ്ങനെ കല്ലിടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ’യെന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി പോലും ചോദിച്ചു. എന്നാൽ കല്ലിടൽ നിർബന്ധമാണെന്നായിരുന്നു സർക്കാരും കെറെയിലും ഇടതുമുന്നണിയും ആവർത്തിച്ചത്.

പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ ജില്ലകളിൽ വിളിച്ച യോഗങ്ങളിലും കല്ലിടൽ അത്യാവശ്യമെന്ന് സ്ഥാപിച്ചു. വികസനമെന്ന ഉറച്ച നിലപാടിൽ നിന്നാണ് സർക്കാരിന്‍റെ തിരിച്ചു പോക്ക്. പിണറായി സർക്കാരിന്‍റെ യു ടേൺ ഇത് ആദ്യമല്ല. എന്നാൽ കെ റെയിൽ ‘യു ടേൺ’ എടുത്തതിന് സർക്കാരും ഇടതു മുന്നണിയും പുതിയ വിശദീകരണങ്ങൾ കണ്ടെത്തേണ്ടി വരും. ജനങ്ങളെ എതിരാക്കിയുള്ള സർവേയ്ക്ക് തുടക്കം മുതൽ സിപിഐ എതിരായിരുന്നു. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിനു കീഴിലുള്ള വിഷയമായതിനാൽ പാർട്ടി സമ്മേളനങ്ങളിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യം കല്ലിടൽ മരവിപ്പിച്ച ശേഷമാണ്, കല്ലിടൽ നിർബന്ധമല്ലെന്ന തീരുമാനത്തിലേക്ക് ഇപ്പോൾ
സർക്കാരെത്തിയത്. എന്തായാലും കെ റെയിലെ പിന്മാറ്റത്തിനെ ന്യായീകരിക്കാൻ ഇടതു മുന്നണിക്ക് കേവലം ക്യാപ്‌സ്യൂളുകൾ മാത്രം പോരാതെ വരും.