സ്പ്രിങ്ക്ളർ അഴിമതി അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു ; അന്വേഷണ സമിതിയിലെ അംഗത്തെ സർക്കാരിന്‍റെ കൊവിഡ് ഉപദേശകനാക്കി ; അന്വേഷണം നിലച്ച മട്ടില്‍

Jaihind News Bureau
Wednesday, August 12, 2020

സ്പ്രിങ്ക്ളർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു. അന്വഷണം നടത്തേണ്ട രണ്ടംഗ സമിതിയിലെ അംഗമായ ഡോ. രാജീവ് സദാനന്ദനെ സർക്കാരിന്‍റെ കൊവിഡ് ഉപദേശകനാക്കിയതോടെ അന്വേഷണം നിലച്ച അവസ്ഥയാണ്. ഒരുമാസം കാലാവധി നിശ്ചയിച്ച അന്വേഷണം നൂറ് ദിവസം പിന്നിടുമ്പോഴും ഒരു സിറ്റിംഗ് പോലും സമിതി ഇതുവരെ നടത്തിയിട്ടില്ല.

സ്പ്രിങ്ക്ളർ കാരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി എപ്രിൽ 20നാണ് സർക്കാർ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയത്. മുൻ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാരും മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും ഉൾപ്പെട്ടതായിരുന്നു അന്വേഷണ സമിതി. ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ കൊവിഡിന്‍റെ പേരുപറഞ്ഞ് ആദ്യ രണ്ടുമാസം ഒരു പരിശോധനയും സമിതി നടത്തിയില്ല.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലൈയിൽ രാജീവ് സദാനന്ദനെ സർക്കാരിന്‍റെ കൊവിഡ് ഉപദേശകനായി സർക്കാർ നിയമിച്ചു. സർക്കാരിനെതിരായ അഴിമതി ആരോപണം അന്വേഷിക്കുന്ന രാജീവ് സദാനന്ദനെ സർക്കാരിന്‍റെ ഉപദേശകനാക്കിയ നടപടിയും വിവാദമായിരുന്നു. സർക്കാരിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് എങ്ങനെ സർക്കാരിനെതിരായ ആരോപണത്തിൽ സത്യസന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും എന്ന ചോദ്യമാണ് ആ ഘട്ടത്തിൽ ഉയർന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ പ്രതികരിക്കാനോ വിശദീകരണം നൽകാനോ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.

രാജീവ് സദാനന്ദൻ സർക്കാരിന്‍റെ ഉപദേശകനായതോടെ സമതിയിൽ മാധവൻ നമ്പ്യാർ മാത്രമായി ചുരുങ്ങി. ഇതോടെ അന്വേഷണവും പൂർണമായും നിലച്ചു. കൊവിഡ് രേഗികളുടെ വിവരം അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് നൽകാനുള്ള സർക്കാരിന്‍റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സ്പ്രിങ്ക്ളറിന് സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞോയെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ കരാർ ഒപ്പിട്ടത്, തിരക്കിട്ട് കരാർ ഒപ്പിടാൻ മാത്രം അസാധാരണ സാഹചര്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിക്കേണ്ടത്.

എല്ലാ ഉത്തരവാദിത്വവും തനിക്കാണെന്നായിരുന്നു ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു എന്ന ആക്ഷേപമാണ് അന്ന് ഉയർന്നത്. സി.പി.ഐ നേതാക്കളെ അനുനയിപ്പിക്കാൻ എം ശിവശങ്കറിനെ മുഖ്യമന്ത്രി എം.എൻ സ്മാരകത്തിലേക്ക് അയച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിനെ വെട്ടിലാക്കിയ സ്പ്രിങ്ക്ളർ വിവാദത്തിൽ നിന്നും തൽക്കാലം രക്ഷപ്പെടാനുളള തന്ത്രമായിട്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

teevandi enkile ennodu para