സര്‍ക്കാരിനെ വെട്ടിലാക്കി സ്വപ്ന ; മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷന്‍ പദ്ധതി വഴിയും തട്ടിപ്പ് നടത്തിയതായി സ്വപ്നയുടെ വെളിപ്പെടുത്തല്‍ | Video Story

Jaihind News Bureau
Saturday, August 8, 2020

 

ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാറിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തൽ. 2018 ലെ പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും ലഭിച്ച സഹായത്തിൽ തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതി പ്രകാരമുള്ള ഫ്ലാറ്റ് നിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് വഴി ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചതായി സ്വപ്ന അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയാണ് ലൈഫ് മിഷൻ.

2018 ലെ പ്രളയത്തിന് ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് 4 ദിവസം മുമ്പെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് പോയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. യു.എ.ഇ റെഡ് ക്രസന്‍റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത് അന്നത്തെ സന്ദര്‍ശനത്തിലാണ്.  ഈ സഹായം ഉപയോഗിച്ച്‌ തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്‍റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിന് കരാര്‍ നല്‍കിയതിന് സ്വകാര്യകമ്പനി നല്‍കിയ കമ്മീഷന്‍ ആണ് ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നാണ് സ്വപ്‌ന മൊഴി നല്‍കിയത്.

ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും സ്വപ്നയുടെയും പേരിലുള്ളതാണ് ലോക്കർ. സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കർ എടുക്കാൻ ശിവശങ്കറാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് എൻ.ഐ.എക്ക് മൊഴി നൽകിയിരുന്നു. ഈ നിലപാട് ഇപ്പോള്‍ സര്‍ക്കാരിനും എം ശിവശങ്കറിനും തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മീഷന്‍ കിട്ടിയെന്ന് സൂചന നല്‍കുന്ന വെളിപ്പെടുത്തലാണ് സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുന്നത്.

അതേസമയം, നൂറ് കോടിയിൽ താഴെയുള്ള സഹായം മറ്റൊരു രാജ്യത്ത് നിന്നും സ്വീകരിക്കാൻ നിലവിൽ കേന്ദ്ര സർക്കാർ അനുമതിയില്ലാത്ത സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി ലഭിച്ച കാര്യവും ഫ്ലാറ്റ് നിർമ്മാണം നടത്തുന്ന കമ്പനിക്ക് പണം എത് രീതിയിലാണ് ദുബായിൽ നിന്ന് ലഭിച്ചതെന്ന കാര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

https://www.youtube.com/watch?v=gHiDfdN0uKI