കടമെടുപ്പില്‍ നമ്പർ 1: ആരോഗ്യരംഗത്തിന്‍റെ ‘അവസ്ഥ മെച്ചപ്പെടുത്താന്‍’ ലോകബാങ്കില്‍ നിന്ന് കടമെടുത്തത് 2100 കോടി; സർക്കാരിന്‍റെ കപടമുഖം പൊളിയുന്നു

Jaihind Webdesk
Thursday, January 11, 2024

 

തിരുവനന്തപുരം: കേരളം ആരോഗ്യമേഖലയില്‍ നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമ്പോഴും ദുരൂഹത ഒഴിയുന്നില്ല. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലോക ബാങ്കില്‍ നിന്ന് വന്‍ തുക കടമെടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. 2100 കോടി രൂപയാണ് ലോക ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ കടമെടുത്തത്. ഇതിന്‍റെ രേഖകള്‍ പുറത്തുവന്നു. പിണറായി സർക്കാരിന്‍റെ അവകാശവാദങ്ങളുടെ കപടമുഖം മൂടി കൂടിയാണ് മറനീക്കുന്നത്.

കേരളം ആരോഗ്യ മേഖലയില്‍ ഒന്നാമതെന്ന് അവകാശപ്പെടുമ്പോഴും, ആരോഗ്യമേഖല മെച്ചപ്പെടുത്താന്‍ എന്ന പേരിലാണ് ലോക ബാങ്കില്‍ നിന്നും സംസ്ഥാനം വന്‍ തുക കടമെടുത്തിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്‍റ്’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 2100 കോടിയാണ് ലോക ബാങ്കില്‍ നിന്നും സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് കടമെടുക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ ന്യായീകരിക്കുമ്പോള്‍ ഒരുപിടി ചോദ്യങ്ങളും ഉയരുന്നു.

രാജ്യത്ത് തന്നെ ആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ വിദേശ സഹായം സ്വീകരിച്ച് ഇനി എന്ത് പദ്ധതികളാണ് നടപ്പാക്കുന്നത് എന്നതും ദുരൂഹമാണ്. മാത്രമല്ല ആരോഗ്യ മേഖലയിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. ആരോഗ്യ മേഖലയില്‍ നമ്പർ 1 എന്ന ലേബല്‍ കേരളം അവകാശപ്പെടുമ്പോള്‍ തന്നെയാണ് ആരോഗ്യ മേഖലയിലെ മോശം അവസ്ഥ മെച്ചപ്പെടുത്താനായി ലോക ബാങ്കില്‍ നിന്നും കടമെടുക്കുന്നത്. ഒന്നാമതാണെങ്കില്‍ പിന്നെ എന്ത് ആവശ്യത്തിനാണ് കേരളം ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ലോക ബാങ്കില്‍ നിന്ന് 2100 കോടി രുപ കടമെടുക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. അതേസമയം ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും സ്വകാര്യ നിക്ഷേപവും വായ്പയും പാടില്ലെന്ന സിപിഎമ്മിന്‍റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധം കൂടിയാണ് സർക്കാർ നടപടി.