രണ്ട് മന്ത്രിമാരുടെ ബിനാമി ഭൂമി ഇടപാടിനെതിരായ ഇഡി അന്വേഷണം : സർക്കാരും സിപിഎമ്മും പ്രതിരോധത്തില്‍ | VIDEO

Jaihind News Bureau
Sunday, November 22, 2020

രണ്ട് മന്ത്രിമാരുടെ ബിനാമി ഭൂമി ഇടപാടിനെതിരായ ഇഡി അന്വേഷണത്തിൽ സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ. കണ്ണൂരിലെ ബിസിനസ്സുകാരനും സുഹൃത്തുമാണ് ബിനാമികൾ. ഇടപാടിന് ഒത്താശചെയ്ത മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

രണ്ട് മന്ത്രിമാർ ബിനാമി പേരിൽ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്ന വാർത്ത സിപിഎമ്മിനെയും സർക്കാരിനെയ ും ഒരു പോലെ പ്രതിരോധത്തിലാക്കുകയാണ്. ഇതിൽ ഒരു മന്ത്രി, ഭൂമിയുടെ രജിസ്‌ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്‍റെ ഒത്താശയിലാണ്, മന്ത്രിമാർ ഭൂമി സ്വന്തമാക്കിയത്.

ഇതെക്കുറിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. കണ്ണൂരിലെ ബിസിനസുകാരനെയും കൂട്ടാളിയെയും ബിനാമിയാക്കി സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് മന്ത്രിമാർ ഭൂമി സ്വന്തമാക്കിയത് എന്നാണ് സൂചന. സെക്രട്ടേറിയറ്റിൽ വൻ സ്വാധീനമുള്ള ഈ ബിസിനസുകാരൻ കഴിഞ്ഞയാഴ്ചയും തിരുവനന്തപുരത്ത് എത്തിയിരുന്നതായും വിവരങ്ങളുണ്ട്. ഇയാൾക്കും അവിടെ വൻതോതിൽ ഭൂമിയുണ്ട്. 200 ലേറെ തൊഴിലാളികൾ പണിയെടുക്കുന്ന ഇവിടെ പൈനാപ്പിൾ, വാഴ കൃഷി , കശുമാവ് തുടങ്ങിയ നാണ്യവിളകളാണ് കൃഷി. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും.ഇതുമായി ബന്ധപ്പെട്ട് സിന്ധുദുർഗ്ഗിലെ ഭൂമി രജിസ്‌ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്. അതേസമയം, ബിനാമി പേരിൽ മന്ത്രിമാർ ഭൂമി വാങ്ങിയെന്ന വാർത്ത സി.പി.എം സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ നിഷേധിച്ചു. ആരോപണം പാർട്ടി അന്വേഷിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ വിജയരാഘവൻ ഒഴിഞ്ഞുമാറി.