കോട്ടയം നഗരസഭയിൽ ആക്രമണം അഴിച്ചുവിട്ട് കൗൺസിൽ യോഗം മുടക്കി എല്‍ഡിഎഫ്; യുഡിഎഫ് അംഗങ്ങളെ കയ്യേറ്റം ചെയ്തു

Jaihind Webdesk
Saturday, June 17, 2023

 

കോട്ടയം നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ ആക്രമണം അഴിച്ചുവിട്ട് എല്‍ഡിഎഫ് കൗൺസിലർമാർ. ഹാജർ ബുക്കിൽ ഒപ്പിടുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാറിനെ എൽഡിഎഫ് കൗൺസിലർമാർ കയ്യേറ്റം ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗത്തിലാണ് എൽഡിഎഫ് കൗൺസിലർമാർ യുഡിഎഫ് കൗൺസിലർമാരെ കയ്യേറ്റം ചെയ്തത്. കൗൺസിൽ യോഗം തുടങ്ങിയ ഉടൻ തന്നെ സിഎൽആർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രതിപക്ഷ കൗൺസിൽ അംഗമായ അഡ്വ. ഷീജ അനിൽ ഉന്നയിച്ചു. അതിനിടെ നിരവധി അജണ്ടകൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും ഈ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഷീജ അനിലിന് മറുപടി നൽകി. ഇതേത്തുടർന്ന് ഷീജാ അനിലും ബിൻസി സെബാസ്റ്റ്യനും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഒടുവിൽ അജണ്ടകൾ എല്ലാം തന്നെ പാസാക്കിയെന്ന് പറഞ്ഞ് കൗൺസിൽ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചെയർപേർസൺ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം ഹാജർ ബുക്കിൽ ഒപ്പിടുന്നതിനിടെ യുഡിഎഫ് കൗൺസിലർമാർക്ക് നേരെ എൽഡിഎഫ് കൗൺസിലർമാർ ആക്രമണം അഴിച്ചുവിട്ടു. ഹാജർ ബുക്കിൽ ഒപ്പിടാൻ പറ്റില്ലെന്ന് പറഞ്ഞുണ്ടായ ബഹളത്തിനിടെ എൽഡിഎഫ് കൗൺസിലർമാർ വൈസ് ചെയർമാൻ ബി ഗോപകുമാറിനെ കയ്യേറ്റം ചെയ്തു. കസേരയിൽ നിന്ന് തള്ളി ഇടുകയും മുഖത്ത് അടിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ​ കണ്ണട പൊട്ടുകയും ഷർട്ട്​ കീറുകയും ചെയ്തു. അതിനിടെ ഹാജർ ബുക്ക് ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങി എൽഡിഎഫ് കൗൺസിലർമാർ കൊണ്ടുപോയി.

വിധവകൾക്കും അംഗവൈകല്യമുള്ളവർക്കും മാനസിക വൈകല്യമുള്ളവർക്കും വയോജനങ്ങൾക്കും നൽകുന്ന സാമൂഹിക ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ അംഗീകരിക്കുന്നതിനുള്ള യോഗമായിരുന്നു പ്രതിപക്ഷം മുടക്കിയത്. യോഗത്തിൽ ഹാജർ ചേർക്കുന്നത് അംഗങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ്. അത് തടസപ്പെടുത്തുന്നത് ഫാസിസമാണ്. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ഗോപകുമാർ പറഞ്ഞു.

വൈസ് ചെയർമാനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്​ യുഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രകടനം നടത്തി. എൽഡിഎഫിലെ പി.ഡി സുരേഷ്​, എൻ.എൻ വിനോദ്​, ജിബി ജോൺ എന്നിവർ ചേർന്നാണ്​ തന്നെ കയ്യേറ്റം ചെയ്തതെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും ​വൈസ്​ ചെയർമാൻ അറിയിച്ചു. ഇതിന് മുമ്പും ഇത്തരത്തിൽ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ വൈസ് ചെയർമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.