തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടി എൽ.ഡി.എഫ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം, പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, March 7, 2021

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എറണാകുളം പറവൂർ മണ്ഡലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടി എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന യോഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് വി.ഡി സതീശൻ എം.എൽ.എ അറിയിച്ചു.

എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരുടെ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. ഇടതുമുന്നണി ബൂത്ത് സെക്രട്ടറി ഇ.ജി പ്രദീപിൻ്റെ പേരിൽ നോട്ടീസ് നൽകിയാണ് പെൻഷൻ ഗുണഭോക്താക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവർ വീട്ടിൽ നിന്ന് മറ്റൊരാളെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്നും വീടുകളിൽ നൽകിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരത്തിൽ ഒരു യോഗം ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്തിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. പെൻഷൻ കൈപ്പറ്റുന്നത് സർക്കാറിൻ്റെ ഔദാര്യമാണെന്ന് സംസ്ഥാന വ്യാപകമായി ജനങ്ങളിൽ പ്രചരണം നടത്തുന്ന സി.പി.എം പെൻഷൻ ഗുണഭോക്താക്കളുടെ യോഗം പരസ്യമായി തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ചുചേർക്കുന്നത് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്നും സംസ്ഥാനത്ത് ഒട്ടാകെ സി.പി.എം നടത്തുന്ന പരിപാടിയുടെ ഭാഗമാണിതെന്നും പറവൂർ എം.എൽ.എ വി.ഡി സതീശൻ കുറ്റപ്പെടുത്തി. വീട്ടിൽ നിന്നെടുത്ത പണം കൊണ്ട് പെൻഷൻ കൊടുത്തതുപോലെയാണ് സി.പി.എം പാവങ്ങളെ കബളിപ്പിക്കുന്നതെന്നും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും വി.ഡി സതീശൻ ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു. സംസ്ഥാനത്താകമാനം ഇത്തരം യോഗം നടത്തി പരമാവധി പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവരുടെ വോട്ട് സമാഹരിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. മുതിർന്ന സി.പി.എം ഇടതുമുന്നണി നേതാക്കളും ഇത്തരം യോഗങ്ങളിൽ പങ്കെടുത്ത് വ്യാജ പ്രചരണം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.