Pazhakulam Madhu| ‘എല്‍.ഡി.എഫ് ഭൂരഹിതരെ വഞ്ചിച്ചു’: കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു

Jaihind News Bureau
Saturday, August 30, 2025

പത്തനംതിട്ട: ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ എല്‍.ഡി.എഫിനൊപ്പം അണിനിരന്ന ഭൂരഹിതരായ 1200 കുടുംബങ്ങളെ ഇടതുമുന്നണി വഞ്ചിച്ചെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു. ‘വീക്ഷണം’ പത്രത്തില്‍ ‘വഞ്ചനയുടെ 15 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിനൊപ്പം, ‘മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും വീടും’ എന്ന മുദ്രാവാക്യമുയര്‍ത്തി 2011-ല്‍ എല്‍.ഡി.എഫ് ഭൂസമരം പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രദേശത്തെ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം വിശ്വസിച്ച് 1200 കുടുംബങ്ങള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ ശുപാര്‍ശ കത്തുകളുമായി വന്ന് ആറന്മുളയില്‍ കുടില്‍ കെട്ടി സമരം ചെയ്തു.

എന്നാല്‍, യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് ഭരണം പിടിച്ചെടുത്തശേഷം കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി ഭരണം നടത്തിയിട്ടും, തങ്ങള്‍ സമരം ചെയ്ത ഈ ആവശ്യം പോലും നിറവേറ്റാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്ന് അഡ്വ. പഴകുളം മധു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സമരത്തില്‍ ഒപ്പം ചേര്‍ന്ന ഭൂരഹിത കുടുംബങ്ങള്‍ക്ക് പോലും ഭൂമിയോ വീടോ നല്‍കാന്‍ കഴിയാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ, ‘നിരവധി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കി’ എന്ന അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു.

ഭൂരഹിത കുടുംബങ്ങള്‍ക്ക് യാതൊരു മനുഷ്യാവകാശങ്ങളും നല്‍കാത്ത ഇടതുപക്ഷത്തിന്റെ പൊള്ളത്തരം ലേഖനത്തിലൂടെ തുറന്നുകാട്ടുമ്പോള്‍, അവരുടെ വ്യാജമായ മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണെന്ന് അഡ്വ. പഴകുളം മധു കൂട്ടിച്ചേര്‍ത്തു.