
കൊല്ലം നഗരമധ്യത്തിലും മറ്റ് ഉള്‍പ്രദേശങ്ങളിലും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കൊടികളും നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. പൊതു ഇടങ്ങളിലെ നിയമവിരുദ്ധ പ്രചാരണ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും എല്‍.ഡി.എഫിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ചിന്നക്കടയില്‍ റെസ്റ്റ് ഹൗസിന് മുന്നില്‍ റോഡരികിലെ കൈവരിയില്‍ നീളെ എല്‍.ഡി.എഫിന്റെ പുതിയ തെരഞ്ഞെടുപ്പ് ബാനറുകളും ഫ്ളക്സുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണ്ണടയ്ക്കുകയാണെന്ന് ബിന്ദു കൃഷ്ണ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പങ്കെടുത്ത പരിപാടിക്ക് സി.എസ്.ഐ. കണ്വെന്ഷന് സെന്ററിന് പുറത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് കൊടി മിനിറ്റുകള്‍ക്കുള്ളില്‍ അഴിപ്പിക്കുകയും ഒരു കൊടിക്ക് 5000 രൂപ പിഴ ചുമത്തുമെന്ന് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, നഗരഹൃദയത്തിലും മറ്റ് പൊതു ഇടങ്ങളിലും എല്‍.ഡി.എഫ്. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ക്ക് നേരെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണ്ണടയ്ക്കുകയാണ്. ബിന്ദു കൃഷ്ണ തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ ലിങ്കും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികാരത്തിന്റെ മറവില്‍ എല്‍.ഡി.എഫ്. നടത്തുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെ തടയണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിക്കുന്നു.