എല്‍ഡിഎഫ് ജാഗ്രതൈ! ‘ഞാന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി അന്‍വര്‍

മലപ്പുറം: തന്നെ ആക്രമിക്കുന്ന എല്‍ഡിഎഫിന് മുന്നറിയിപ്പുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ‘താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും. എന്നാല്‍ അതിനു സമയമായിട്ടില്ല. കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് അന്‍വറിന്റെ മുന്നറിയിപ്പ്.

‘ഞാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അങ്ങനെ വിളിക്കാന്‍ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടും. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും’ അന്‍വര്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുന്നില്‍ യോഗം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘര്‍ഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവര്‍ത്തകരല്ല പ്രശ്‌നമുണ്ടാക്കിയത്. ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

Comments (0)
Add Comment