സ്വപ്ന സുരേഷിന്‍റെ അഭിഭാഷകന് കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിലിൽ നിയമനം

Jaihind News Bureau
Thursday, January 7, 2021

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകന് കസ്റ്റംസിന് കീഴിലുള്ള വകുപ്പുകളിൽ സ്റ്റാൻഡിംഗ് കൗൺസിലിൽ കേന്ദ്ര സർക്കാർ നിയമനം. കസ്റ്റംസിനെ കീഴിലുള്ള സെൻട്രൽ ജി.എസ്.ടി, സെൻട്രൽ സെയിൽസ് ടാക്സ് എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലിൽ കേന്ദ്ര സർക്കാർ നിയമിച്ചത്.

സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ച അഭിഭാഷകൻ ടി.കെ.രാജേഷിനെയാണ് കേന്ദ്ര സർക്കാർ സി.ജി.എസ്.ടി, സി.എസ്.ടി എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലിൽ നിയമിച്ചത്.ഇയാൾ സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ബി.ജെ.പി നേതാക്കളുടെ ഉടപെടലുകൾ ഉണ്ടായി എന്ന ആരോപണം ശരി വെക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ നിയമനം. കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി.നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഈ അഭിഭാഷകൻ. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ അറിവോട് കൂടിയാണ് ഈ നിയമനം എന്നാണ് സൂചന. കസ്റ്റംസിന് കീഴിലുള്ള വകുപ്പുകളിലെ സ്റ്റാൻഡിംഗ് കൗൺസിലുകളിൽ തന്നെ പൊടുന്നനെ ടി.കെ.രാജേഷിനെ നിയമിച്ചത് വരും ദിവസങ്ങിൽ ഏറെ വിവാദമാകുമെന്നുറപ്പാണ്.

സ്വർണ്ണക്കടത്ത് കേസിൻ്റെ തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കാൻ സംസ്ഥാനത്തെ പ്രമുഖ ബിജെപിനേതാക്കൾ ഇടപെടലുകൾ നടത്തിയതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനായ ടി.കെ രാജേഷ് സ്വപ്നക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്. ഈ അഭിഭാഷകനെ തന്നെ ഇപ്പോൾ കസ്റ്റംസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സ്റ്റാൻഡിംഗ് കൗൺസിലിൽ നിയമിച്ചത് ദുരൂഹത വർധിപ്പിക്കുകയാണ്.