
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കുകളെ പിന്തുണയ്ക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ക്ഷേത്രത്തിന്റെ വരുമാനം വിനിയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരുനെല്ലി ക്ഷേത്ര ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപങ്ങള്‍ തിരികെ നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ സഹകരണ ബാങ്കുകള്‍ നല്കിയ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായക നിരീക്ഷണം നടത്തിയത്.
ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍ ശക്തമായിരുന്നു. ‘ബാങ്കിനെ രക്ഷിക്കാന്‍ ക്ഷേത്ര പണം ഉപയോഗിക്കണോ? ക്ഷേത്ര പണം ദൈവത്തിന്റേതാണ്. അതിനാല്‍ പണം സംരക്ഷിക്കുകയും ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും വേണം. അതൊരു സഹകരണ ബാങ്കിന്റെ നിലനില്‍പ്പിനോ വരുമാനത്തിനോ ഉള്ള സ്രോതസ്സായി കണക്കാക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
പരമാവധി പലിശ നല്കാന് കഴിയുന്ന ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ക്ഷേത്ര ദേവസ്വത്തോട് നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്കാന് ബാങ്കുകള്‍ ആവര്‍ത്തിച്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തിരുനെല്ലി ദേവസ്വം കോടതിയെ സമീപിച്ചത്. അഞ്ച് സഹകരണ ബാങ്കുകളോട് സ്ഥിരനിക്ഷേപം അടച്ചുപൂട്ടി മുഴുവന്‍ തുകയും രണ്ട് മാസത്തിനുള്ളില്‍ തിരികെ നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മാനന്തവാടി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ലിമിറ്റഡ്, തിരുനെല്ലി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പെട്ടെന്നുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വാദം സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല. ‘ഉപഭോക്താക്കളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തീരുമാനമാണ്,’ കോടതി പറഞ്ഞു.
എങ്കിലും, ഉത്തരവ് നടപ്പാക്കുന്നതിനായി സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് അനുമതി നല്കി. തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, സുശീല ഗോപാലന് സ്മാരക വനിതാ സഹകരണ സൊസൈറ്റി ലിമിറ്റഡ്, മാനന്തവാടി സഹകരണ റൂറല്‍ സൊസൈറ്റി ലിമിറ്റഡ് എന്നിവയുള്‍പ്പെടെ അഞ്ച് ബാങ്കുകളാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വത്തിന് ഫണ്ട് തിരികെ നല്‍കേണ്ടത്.