ലഹരി മരുന്നു കേസുകളില്‍ നിയമ പരിഷ്ക്കരണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ . ഇത് പ്രതിപക്ഷത്തിന്റെ ആവശ്യമായി കാണാതെ സമൂഹത്തിന്റെ പൊതു ആവശ്യമായി സര്‍ക്കാര്‍ കാണണമെന്നും ലഹരി മരുന്നുകളുടെ വ്യാപനം മൂലം സംസ്ഥാനമൊട്ടാകെ അക്രമസംഭവങ്ങള്‍ പെരുകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ശിക്ഷ കഠിനമാക്കണമെന്നും കേസെടുക്കുന്നതിലെ മാനദണ്ഡം പരിഷ്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ലഹരിയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 30 ന് കോട്ടയത്ത് കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ഉപവാസം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വിഡി സതീശന് ലഹരിയ്ക്കെതിരെയുളള ക്യാംപയിന് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരന് സമാപന സമ്മേളനത്തില്‍ കോട്ടയം തിരുനക്കരയില്‍ സംസാരിക്കും. കോട്ടയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ലഹരിയ്ക്കെതിരെയുള്ള ഗാനം പ്രകാശനം ചെയ്തു.