“ഇലക്ഷൻ കമ്മീഷൻ മീറ്റിങ്ങുകളിൽ നിന്ന് വിട്ടു നിൽക്കും” : നിലപാടിൽ ഉറച്ച് അശോക് ലവാസ

ഇലക്ഷൻ കമ്മീഷൻ മീറ്റിങ്ങുകളിൽ നിന്ന് വിട്ടു നിൽക്കും എന്ന നിലപാടിൽ ഉറച്ച് ഇലക്ഷൻ കമീഷണർ അശോക് ലവാസ. നിഷ്പക്ഷതയ്ക്കായി സ്വയം വിട്ടു നിൽക്കുന്നു എന്നാണ് അശോക് ലവാസയുടെ നിലപാട്.

നരേന്ദ്ര മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ഉള്ള തന്‍റെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം കമ്മിഷന്‍റെ ഇന്നലെ ചേർന്ന യോഗം തള്ളി. തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അതു ഭരണഘടനാപരമായ ബാധ്യതയാണെന്നും ലവാസ ആവശ്യപ്പെട്ടു. മറ്റു നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതു സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി. എന്നാല്‍ വിയോജിപ്പ് രേഖപ്പെടുത്തുമെങ്കിലും അത് പരസ്യപ്പെടുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കലാപക്കൊടി ഉയര്‍ത്തിയ അശോക് ലവാസയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടായിരുന്നു കമ്മീഷൻ പ്രത്യേക യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയ പരാതികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ തീരുമാനങ്ങളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ അവസരം ലഭിക്കാതിരുന്നതും പരാതികള്‍ തള്ളുന്നതില്‍ തനിക്കുള്ള എതിര്‍പ്പ് കമ്മീഷന്‍റെ അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താത്തതുമായിരുന്നു ലവാസയെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ യോഗങ്ങളില്‍നിന്നു അശോക് ലവാസ വിട്ടു നിന്നതോടെയാണ് ഇലക്ഷൻ കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.

പ്രശ്ന പരിഹാരത്തിനായി കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞദിവസം അനൗദ്യോഗികമായി ചര്‍ച്ച നടത്തി. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, അശോക് ലവാസയ്ക്കു രണ്ടു കത്തുകളും അയച്ചിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തിലും തീരുമാനം അനുകൂലമാകാതായതോടെയാണ് ലവാസ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Comments (0)
Add Comment