ജഡ്ജി പിന്മാറി; ലാവലിന്‍ കേസ് 33-ാം തവണയും മാറ്റിവെച്ചു

Jaihind Webdesk
Monday, April 24, 2023

 

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എൻസി ലാവലിൻ കേസ്  സുപ്രീം കോടതി വീണ്ടും മാറ്റി. കേസില്‍ ജഡ്ജിമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതില്‍ മലയാളി ജഡ്ജി സി.ടി രവികുമാർ പിന്മാറിയതോടെയാണ് കേസ് വീണ്ടും മാറ്റിയത്.

നേരത്തെ, പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മു‍ൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ എം.എൽ ജിഷ്ണു കത്തു നൽകിയിരുന്നു.

32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതിരുന്ന ഹർജി 5 മാസത്തിനു ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്‍റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി രാജശേഖരൻ നായർ, ബോർഡിന്‍റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.