ലാവലിന്‍ കേസ് വീണ്ടും മാറ്റിവെക്കാന്‍ സാധ്യത; 13 ന് പരിഗണിച്ചേക്കില്ല

Jaihind Webdesk
Saturday, September 10, 2022

 

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചേക്കാന്‍ സാധ്യത. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ലാവലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല. ഭരണഘടനാ ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു.

നിരവധി തവണ മാറ്റിവെച്ച കേസ് ഇത്തവണ ലിസ്റ്റില്‍ നിന്ന് നീക്കരുതെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. കേസ് സെപ്റ്റംബർ 13 നാണ് വീണ്ടും പരിഗണിക്കാനിരുന്നത്. ലിസ്റ്റില്‍ രണ്ടാമതായി കേസ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭരണഘടനാ ബെഞ്ച് കേസുകള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ മറ്റ് കേസുകള്‍ പരിഗണിക്കുവെന്നാണ് സൂചന.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് ഇനി മാറ്റരുതെന്ന് കോടതി നിര്‍ദേശം നൽകിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതും പ്രധാനമന്ത്രിക്ക് നന്ദി പ്രകാശിപ്പിച്ച് കത്തെഴുതിയതുമെല്ലാം ലാവലിനുമായി ചേർത്ത് വായിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നീക്കം ലാവലിന്‍ കേസും സില്‍വർലൈനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിരുന്നു.