ന്യൂഡല്‍ഹി : ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍. കേസില്‍ വാദത്തിന് തയ്യാറെന്ന് സിബിഐ. 20 തവണയോളം മാറ്റിവയ്ക്കപ്പെട്ട കേസില്‍ സിബിഐ തെളിവ് ശേഖരണത്തിനായി ആവശ്യപ്പെട്ട സമയം പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പ്രതിപ്പട്ടികയിലുള്ളവര്‍ക്കും ഇന്ന് നിര്‍ണായകമാണ്.
മുഖ്യമന്ത്രിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജികളും ഒരുമിച്ചാകും സുപ്രീംകോടതി പരിഗണിക്കുക. സി.ബി.ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് തുടര്‍ച്ചയായി മാറ്റിവച്ചത്. സി.ബി.ഐ മെല്ലെപ്പോക്ക് നടത്തുന്നത് പിണറായി ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ ഹാജരാകുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. സി.ബി.ഐ അസൗകര്യം അറിയിക്കുന്നില്ലെങ്കില്‍ വാദിക്കാന്‍ തയ്യാറാണെന്ന് കേസില്‍ പ്രതികളായി തുടരുന്ന കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.