ലാവലിന്‍ കേസ് 33-ാം തവണയും മാറ്റിവെച്ചത് മറ്റൊരു നാടകത്തിലൂടെ: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, April 24, 2023

 

തിരുവനന്തപുരം: ലാവലിന്‍ കേസ് 33-ാം തവണ മാറ്റിവെച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇത്രയേറെ തവണ മാറ്റിവെക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത നീതിപീഠത്തിലും നീതിന്യായവ്യവസ്ഥയിലും ജനങ്ങള്‍ക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങള്‍ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയില്‍ ഇതാണു സംഭവിക്കുന്നതെങ്കില്‍ ജനങ്ങള്‍ നീതിതേടി എവിടെപ്പോകും എന്ന ചോദ്യമാണ് ഉയരുന്നതെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയില്‍ കേസ് കേട്ട മലയാളി ജഡ്ജി സി.ടി രവികുമാര്‍ പിന്മാറിയതുമൂലമാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയത്. സി.ടി രവികുമാര്‍ ലാവലിന്‍ കേസ് ഹൈക്കോടതിയില്‍ കേട്ട ജഡ്ജിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ എങ്ങനെയാണ് അദ്ദേഹവും ജസ്റ്റിസ് എം.ആര്‍ ഷായും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീം കോടതി രൂപീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചില്‍നിന്ന് നേരത്തെ പിന്മാറാമായിരുന്നു. എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവലിന്‍ കേസ് മാറ്റിവെച്ചതെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. ഓരോ തവണത്തെയും കാരണങ്ങള്‍ ചികഞ്ഞാല്‍ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകള്‍ പുറത്തുവരും. ഇപ്പോള്‍ 5 മാസത്തിനുശേഷമാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കേരളത്തിന് ഡല്‍ഹിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് വ്യക്തം. കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഏറ്റവും സന്തോഷകരമായ ഒരു വാര്‍ത്തയാണ് മുഖ്യമന്ത്രിക്ക് നല്‍കാനുള്ളതെന്നും കെ സുധാകരന്‍ എംപി  പറഞ്ഞു.