ലോകത്തിലെ ചെലവേറിയ ഉപഗ്രഹം നൈസാര്‍ വിക്ഷേപണം ഇന്ന്. ലോകത്തിലെ ഏറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് വിക്ഷേപണത്തിനൊരുങ്ങുന്നത്. വൈകിട്ട് അഞ്ചിന് ശ്രീഹരികോട്ടയില്‍ നിന്നാണ് വിക്ഷേപണം.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന കൃത്രിമ ഉപഗ്രഹമാണ് നൈസാര്‍. ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടവയില്‍ വച്ച് ഏറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മിച്ചത്. നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍ സാറ്റ്ലൈറ്റ് എന്നാണ് നൈസാര്‍ ഉപഗ്രഹത്തിന്റെ പൂര്‍ണ രൂപം.
ഭൂമിയിലെ ചെറു മാറ്റങ്ങള്‍ പോലും തിരിച്ചറിയാനും രേഖപ്പെടുത്താനും കെല്‍പ്പുള്ള ഒരു അസാധാരണ ഉപഗ്രഹമാണ് നൈസാര്‍. ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ളൊരു ഭ്രമണപഥത്തിലാണ് നൈസാര്‍ നിലയുറപ്പിക്കാന്‍ പോകുന്നത്. വിക്ഷേപണം കഴിഞ്ഞാല്‍ 90 ദിവസം നീളുന്ന കമ്മീഷനിംഗ് കാലം. ഉപഗ്രഹം ബഹിരാകാശത്ത് എത്തി പത്താം ദിവസമാണ് പന്ത്രണ്ട് മീറ്റര്‍ വ്യാസമുള്ള റഡാര്‍ റിഫ്‌ലക്ടര്‍ വിടര്‍ത്തി തുടങ്ങുക. ആ കുട നിവര്‍ത്തി തീരാന്‍ തന്നെ എട്ട് ദിവസമെടുക്കും. പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും നൈസാറിന്റെ റഡാര്‍ ദൃഷ്ടിയില്‍പ്പെടും.
ഒരു ദിവസം 80 ടെറാബൈറ്റ് ഡാറ്റയാണ് ഉപഗ്രഹം ഉത്പാദിപ്പിക്കുക. ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇത് നാസയും ഐഎസ്ആര്‍ഒയും സൗജന്യമായി ലഭ്യമാക്കും.കമ്മീഷനിംഗ് കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് നൈസാര്‍ ഉപഗ്രഹത്തിന് നിശ്ചയിച്ചിരിക്കുന്നത്. ഈ അഞ്ച് വര്‍ഷം കൊണ്ട് പ്രകൃതി ദുരന്തങ്ങളെ നമ്മള്‍ പ്രവചിക്കുകയും നേരിടുകയും ചെയ്യുന്ന രീതി തന്നെ നൈസാര്‍ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ.