VD SATHEESAN| ഹ… ഹ…ഹ… ചിരിയല്ല മറുപടി; സി.പി.ഐയെ വിദഗ്ധമായി പറ്റിച്ചു; മന്ത്രിസഭാ ഉപസമിതി വെറും മുഖം രക്ഷിക്കല്‍ നാടകമെന്ന് വി,.ഡി സതീശന്‍

Jaihind News Bureau
Wednesday, October 29, 2025

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയാതെ ഒളിച്ചോടുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കരാറില്‍ ഒപ്പിടുന്നതിനു മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്. കരാര്‍ ഒപ്പിട്ടശേഷം എന്ത് പരിശോധനയാണ് ഈ ഉപസമിതി നടത്തുന്നതെന്നും സതീശന്‍ സംശയം പ്രകടിപ്പിച്ചു.

മുഖം രക്ഷിക്കാനായി രൂപീകരിച്ച ഈ മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി.ഐയെ വിദഗ്ധമായി പറ്റിക്കുകയായിരുന്നു. ഇത് വെറും തട്ടിക്കൂട്ട് പരിപാടിയും തട്ടിപ്പുമാണ് എന്നും ഈ യാഥാര്‍ത്ഥ്യം സി.പി.ഐ എങ്കിലും മനസ്സിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍, ഇടതുമുന്നണിയില്‍ സി.പി.ഐയെക്കാള്‍ സ്വാധീനം ബി.ജെ.പിക്ക് ഉണ്ടെന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

പി.എം. ശ്രീ പദ്ധതിയില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാര്‍ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതെന്നും അല്ലെങ്കില്‍ എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ മേല്‍ ഉണ്ടായതെന്നും അദ്ദേഹം തുറന്നുപറയണം. സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് കരാര്‍ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോള്‍ മറുപടിയില്ലാതെ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട്, ‘ഇതെന്തൊരു ഭരണമാണ്’ എന്ന പ്രതിപക്ഷത്തിന്റെ കാലങ്ങളായുള്ള ചോദ്യം ശരിവെക്കുന്നതാണ്. സഹികെട്ടാണ് സി.പി.ഐ പോലും അതേ ചോദ്യം ചോദിച്ചത്, അതിന് ‘ഹ… ഹ…ഹ…’ എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.