രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹം; മുഖ്യമന്ത്രിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

Jaihind Webdesk
Monday, December 25, 2023


മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം പരാമര്‍ശത്തില്‍ പരോക്ഷമായ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതെന്ന് ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ പറഞ്ഞു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമര്‍ശം. സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാര്‍ത്ഥം. നീതി നിഷേധിക്കപ്പെടുന്നു. വിവേചനങ്ങള്‍ കൂടിക്കൂടി വരുന്നു. യേശു ഈ ഭൂമിയില്‍ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയിട്ടാണെന്നും ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ നേതൃത്വം നല്‍കി. ലോകത്ത് നിരപരാധികളായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു. ഗാസയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. യുക്രൈനില്‍ എത്രപേരാണ് വിധവകളായത്. എത്രപേരാണ് കൊല്ലപ്പെട്ടത്. മറ്റാരോടോ ചെയ്യുന്ന ഹീന പ്രവൃത്തിയായി മാത്രം നാം അതിനെ കാണുമ്പോള്‍, നമ്മള്‍ സത്യത്തില്‍ നിന്നും ഓടിയൊളിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. വിശ്വാസികള്‍ക്ക് പുറമെ, ശശി തരൂര്‍ എംപിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ചടങ്ങുകള്‍ക്കെത്തി.