വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ അതിരൂപത; സർക്കാരിന്‍റെ അവഗണനക്കെതിരെ പ്രതിഷേധം

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. നോട്ടീസിൽ തോമസ് ജെ. നെറ്റോയുടെ പേരുണ്ടെങ്കിലും ഔദ്യോഗിക ക്ഷണം ഇല്ലാത്തതുകൊണ്ട് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം ബിഷപ്പിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതും വിവാദമായിരിക്കുകയാണ്.

സഭയെ അപമാനിക്കുന്ന നിലപാടാണു സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി സർവ ത്യാഗവും സഹിച്ച മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലാണ് ആർച്ച് ബിഷപ്പിന്‍റെ പേര് സർ‌ക്കാരിന്‍റെ ഔദ്യോഗിക നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിമർശനം. നോട്ടീസിൽ അവസാനത്തെ പേരുകളിലൊന്നായാണ് ആർച്ച് ബിഷപ്പിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ സമരം സർക്കാർ നൽകിയ ഏഴ് ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു അവസാനിപ്പിച്ചത്. എന്നാൽ മുതലപ്പൊഴി വിഷയത്തിൽ ഉൾപ്പെടെ യാതൊരു ഉറപ്പും സർക്കാർ പാലിച്ചിട്ടില്ലാത്തതിനാല്‍ തീരദേശജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.