വിഴിഞ്ഞം സമരത്തിലെ മുഴുവന്‍ കേസുകളും പിന്‍വലിക്കണം; നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സർക്കാർ നടത്തിയ നീക്കത്തിന് തിരിച്ചടി

Jaihind Webdesk
Saturday, March 16, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിലെടുത്ത കേസുകളില്‍ കടുത്ത നിലപാടുമായി ലത്തീൻ കത്തോലിക്ക അതിരൂപത.
മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യത്തിൽ ഉറച്ച് ലത്തീൻ കത്തോലിക്ക അതിരൂപത മുന്നോട്ടുവന്നതോടെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ നേട്ടത്തിനായി കേസുകൾ ഭാഗികമായി പിൻവലിച്ച് സർക്കാർ നടത്തിയ നീക്കത്തിന് കടുത്ത തിരിച്ചടിയായി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022-ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുകയാണ് ലത്തീന്‍ കത്തോലിക്ക അതിരൂപത. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായിനേരത്തെ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ 157 കേസുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ജാമ്യമില്ലാത്തതും പൊതുമുതല്‍ നശിപ്പിച്ചതും അടക്കമുള്ള നാല്‍പ്പതോളം കേസുകളാണ് ഇനി ബാക്കിയുള്ളത്. ഈ കേസുകള്‍ കൂടി പിന്‍വലിക്കണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. ലത്തീൻ കത്തോലിക്കാ അതിരൂപത ആർച്ച് ബിഷപ്പും വൈദികരും ഉൾപ്പെടെ ഉള്ളവരെ പ്രതിയാക്കിയായിരുന്നു സർക്കാർ കേസുകൾ രജിസ്റ്റർ ചെയ്തത്. പോലീസ് സ്റ്റേഷനിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളിലാണ് ആർച്ച് ബിഷപ്പിനേയും വൈദികരെയും പ്രതിയാക്കിയിരുന്നത്.

വിഴിഞ്ഞം സമരത്തിന്‍റെ ഒത്തുതീർപ്പിന്‍റെ ഭാഗമായി കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് ലത്തീൻ കത്തോലിക്ക അതിരൂപത കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു.
നവകേരള സദസും മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നും ഉൾപ്പെടെ ബഹിഷ്കരിച്ചു കൊണ്ട് ഇവർ നിലപാട് കടുപ്പിച്ചിരുന്നു. പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി കഴിഞ്ഞ ദിവസം കേസുകള്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും കടുത്തനിലപാടിൽ സഭ ഉറച്ചു നിൽക്കുന്നത് സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടിയാവുകയാണ്.