നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാറായി. അതിന്റെ ലക്ഷണങ്ങള്‍ സര്‍ക്കാര്‍ പുറത്തെടുത്തും തുടങ്ങി. വിശ്വാസികളെ കൈയ്യിലെടുക്കാന്‍ അയ്യപ്പസംഗമം, യുവാക്കള്‍ക്കൊപ്പമെന്ന് അറിയിക്കാന്‍ ‘സി എം വിത്ത് മീ’ ഇങ്ങനെ തുടങ്ങി അവസാനവട്ട മിനുക്ക് പണികളുടെ തിരക്കിലാണ് സര്‍ക്കാര്‍. എന്നാല്‍ ഒരു വശത്തുനിന്നും സര്‍ക്കാരിന്റെ പരിപാടികള്‍ അടപടലം പൊളിയുന്നതാണ് കാണുന്നത്. തുടര്‍ച്ചയായ തിരിച്ചടികള്‍ സര്‍ക്കാരിന് ക്ഷീണമായി തുടങ്ങിയിട്ടുണ്ട്.
വോട്ട് ലക്ഷ്യമിട്ട് വിശ്വാസികളെ കൂടെനിര്‍ത്താന്‍ അയ്യപ്പ സംഗമം നടത്തി. ശബരിമലയുടെ ഉന്നമനത്തിനുള്ള സംഗമം എന്നായിരുന്നു വെപ്പ്. എന്നാല്‍ 2018ല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന് വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതേ വിശ്വാസികളെ വലയിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കപട വിശ്വാസം തിരിച്ചറിഞ്ഞ വിശ്വാസികള്‍ അയ്യപ്പ സംഗമം പരാജയപ്പെടുത്തുകയായിരുന്നു. ജനപങ്കാളിത്തമില്ലാതെ ആളൊഴിഞ്ഞ കസേരകള്‍ മാത്രമാണ് സംഗമത്തില്‍ ഉണ്ടായിരുന്നത്. ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഒപ്പമിരുത്തി കൊണ്ടുവന്നപ്പോള്‍ പിണറായിക്ക് ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ. മതസാമുദായിക നേതാക്കളില്‍ നിന്നുള്ള പിന്തുണ. എന്നാല്‍, അതിന് പോലും കഴിയാതെ അയ്യപ്പ സംഗമം പൊളിഞ്ഞു.
വിശ്വാസികളുടെ പിന്തുണ ലഭിച്ചില്ലെങ്കിലും യുവാക്കളെ കൈയ്യിലെടുക്കാം എന്ന പ്രതീക്ഷയില്‍ രണ്ടാമത് മറ്റൊരു സൂത്രവുമായി എത്തി. അതാണ് ‘സി എം വിത്ത് മീ’. ‘നേരിട്ട് പറയൂ, നേരം നോക്കാതെ പരിഹരിക്കാം’ എന്നായിരുന്നു ടാഗ് ലൈന്‍. നല്‍കിയ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച ആര്‍ക്കും പ്രശ്‌നം പരിഹരിച്ചില്ലെന്ന് മാത്രമല്ല, കോള്‍ എടുക്കാന്‍ അങ്ങേ തലയ്്കല്‍ ആരുമുണ്ടായിരുന്നില്ല. പരിധിക്ക് പുറത്തായിരുന്നത്രേ….ഇതോടെ മുഖ്യമന്ത്രിയുടെ പിആര്‍ പരിപാടിയും പൊളിഞ്ഞു.
അവസാന കച്ചി്ത്തുരുമ്പായി ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെ ആദരിക്കാന്‍ തീരുമാനിച്ചു. അവിടെ തിരിച്ചടിയായത് പരിപാടിയുടെ പോസ്റ്ററായിരുന്നു. പുരസ്‌കാരം നേടിയ മോഹന്‍ലാലിനെക്കാളും ചിത്രത്തില്‍ വലുപ്പമുള്ളത് മുഖ്യമന്ത്രിക്കായിരുന്നു. അവിടെ കൊണ്ടും തീര്‍ന്നില്ല. കേരളം നല്‍കുന്ന ആദരം എന്ന് വീമ്പടിച്ചിട്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചു കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പി.ആര്‍ പരിപാടിയായി അതും മാറി. കൂടാതെ കോടികളാണ് പരിപാടിക്ക് ചിലവായത് എന്ന ഔദ്യോഗിക കണക്കും പുറത്തു വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. മാസങ്ങളോളം ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ മുടക്കിയുള്ള പരിപാടികള്‍ നടത്തുന്നത് എന്ന വിമര്‍ശനമും ശക്തമാണ്.