ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതി  നാളെ

Jaihind Webdesk
Sunday, March 24, 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതി  നാളെ മാർച്ച് 25ന് അവസാനിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാവുന്നതാണ്.

18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ ഏപ്രിൽ 4ന് ആണ് നാമനിർദ്ദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യണം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും.