ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും

ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും. പ്രമുഖ പാർട്ടികളെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പുണ്ടാകും.

നാല് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഒഡിഷയിൽ ഒന്നാം ഘട്ടത്തിൽ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ ഉത്തർപ്രദേശിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു മുൻമന്ത്രിയും മത്സരരംഗത്തുണ്ട്.

മഹാരാഷ്ട്രയിൽ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാഗ്പൂരിൽ കേന്ദ്രമന്ത്രിയും മുൻ ബി.ജെ.പി അധ്യക്ഷനുമായ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസിന്‍റെ നാനാ പഠോളെയാണ് മത്സരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന അസമിലെ കലിയബോർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയിയാണ് കോൺഗ്രസ് സ്ഥാനാർഥി. ആദ്യ ഘട്ടത്തിൽ ബൂത്തിലേക്ക് നീങ്ങുന്ന അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി നബാം തുകി കളത്തിലിറങ്ങുമ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബി.ജെ.പി സ്ഥാനാർഥി. ഏപ്രിൽ പതിനൊന്നിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

nomimationsLok Sabha polls
Comments (0)
Add Comment