കനത്ത മഴയും മണ്ണിടിച്ചിലും; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Friday, July 16, 2021

ബംഗളുരു : കനത്ത മഴയെ തുടര്‍ന്ന് പാളത്തില്‍ മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മംഗളുരു ജംഗ്ഷനും കർണാടകയിലെ തോകൂർ റെയിൽവേ സ്റ്റേഷനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീറ്ററുകളോളം നീളത്തില്‍ പാളം പൂര്‍ണ്ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടുപാട് പറ്റി. സമീപത്തെ സുരക്ഷാ ഭിത്തിക്കും തകരാറുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ. മേഖലയില്‍ പെയ്യുന്ന കനത്ത മഴ മണ്ണ് നീക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുമുണ്ട്.