കോഴിക്കോട് ഉരുള്‍പൊട്ടി; ഒരാളെ കാണാതായെന്ന് നാട്ടുകാർ, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

Jaihind Webdesk
Tuesday, July 30, 2024

 

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ഉരുള്‍പൊട്ടി. കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ആണ് ഉരുള്‍പാട്ടിയത്. ഒരാളെ കാണാതായതായി നാട്ടുകാർ പറയുന്നു. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി. കാവിലുംപാറയിൽ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടമുണ്ടായിരിക്കുകയാണ്. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തി വിടുന്നുണ്ട്.ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.